ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകൾ പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു
Thursday, July 31, 2025 4:33 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ആറ് മാവോയിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തു. സർക്കാർ ഓരോ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രണ്ടുപേർ ഉൾപ്പടെയാണ് പിടിയിലായത്. ഇവരിൽ നിന്നും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.
ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്ന് വരെ മാവോയിസ്റ്റുകൾ ആചരിക്കുന്ന രക്തസാക്ഷി വാരാചരണത്തിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ധർമപൂർ ഗ്രാമത്തിനടുത്തുള്ള വനത്തിൽ നിന്ന് ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ രണ്ട് വനിതാ മാവോയിസ്റ്റുകളായ ഉയിക സെയ്തു (32), ഉയിക പൈകി (33) എന്നിവരെയും മറ്റ് നാല് കേഡർമാരെയും പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ലോക്കൽ പോലീസ്, 210 സെൻട്രൽ റിസർവ് പോലീസ് സേനയുടെ എലൈറ്റ് യൂണിറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്ര) എന്നിവ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
സെയ്തു ദണ്ഡകാരണ്യ, ആദിവാസി കിസാൻ മസ്ദൂർ സംഘ് (DAKMS) പ്രസിഡന്റായിരുന്നു, പയ്കി ക്രാന്തികാരി, ആദിവാസി മഹിളാ സംഘടന (KAMS) യുടെ നേതൃസ്ഥാനത്ത് ഉള്ളയാളാണ്.
ടിഫിൻ ബോംബുകൾ, ഡിറ്റണേറ്ററുകൾ, സേഫ്റ്റി ഫ്യൂസ് വയറുകൾ, ഇലക്ട്രിക് വയറുകൾ, മണ്ണ് കുഴിക്കുന്ന ഉപകരണങ്ങൾ, മാവോയിസ്റ്റ് രക്തസാക്ഷിത്വ വാരവുമായി ബന്ധപ്പെട്ട ലഘുലേഖകൾ എന്നിവ സുരക്ഷാ സേന ഇവരിൽ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.