"രാഷ്ട്രീയം മറന്ന് സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല': സിപിഎം വിടുകയാണെന്ന പ്രചാരണം തള്ളി സുരേഷ് കുറുപ്പ്
Thursday, July 31, 2025 11:09 AM IST
കോട്ടയം: സിപിഎം വിടുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന രീതിയിൽ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ മുൻ എംപിയും എംഎൽഎയുമായ കെ. സുരേഷ് കുറുപ്പ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു സ്വകാര്യ ചാനലും അതിനെ തുടർന്ന് മറ്റു ചിലരും തന്നെക്കുറിച്ച് തികച്ചും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്.
താൻ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ പോവുകയാണ് എന്നതാണ് പ്രധാന പ്രചാരണം. താൻ 1972 ൽ സിപിഎമ്മിൽ അംഗമായതാണ്. അന്നുതൊട്ട് ഇന്നുവരെ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ലെന്നും പാർട്ടി എന്റെ രാഷ്ട്രീയജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണെന്നും സുരേഷ് കുറുപ്പ് കുറിപ്പിൽ പറയുന്നു.
രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തെരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ പ്രധാനമല്ലെന്നും ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു തന്റെ സ്ഥാനലബ്ധിയെന്നും കുറിപ്പിൽ പറയുന്നു.
തന്റെ രാഷ്ട്രീയമാണ് തനിക്ക് മുഖ്യമെന്നും തന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.