കാർ ബസിലിടിച്ചു; സംഘർഷത്തിൽ ആറുപേർക്ക് പരിക്ക്
Sunday, August 3, 2025 4:22 AM IST
കോഴിക്കോട്: കാർ ബസിലിടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറുപേർക്ക് പരിക്ക്. കോഴിക്കോട് - താമരശേരി റൂട്ടില്‍ ഓടുന്ന അമാന്‍ സിന്‍ഡിക്കേറ്റ് എന്ന സ്വകാര്യ ബസും കാറും തമ്മിൽ കുന്ദമംഗലം ഐഐഎമ്മിന് സമീപത്തുവച്ച് ഇടിക്കുകയായിരുന്നു.
അപകടം നടന്നത് ഗതാഗതക്കുരുക്കുള്ള ഭാഗത്തായതിനാല് വാഹനങ്ങള്‍ മാറ്റിയിടാന്‍ ട്രാഫിക് പോലീസ് ഇരുകൂട്ടരോടും നിര്‍ദേശിച്ചു. എന്നാല്‍ മുന്നോട്ട് മാറ്റിയിടാതെ ബസ് സ്ഥലത്തുനിന്ന് എടുത്തുപോയതാണ് സംഘർഷത്തിൽ കലാശിച്ചത്.
തുടർന്ന് കാറിലുണ്ടായിരുന്നവരും അവരുടെ സുഹൃത്തുക്കളും താമരശേരി കാരാടിയില്‍ വെച്ച് ബസ് തടഞ്ഞു. പിന്നാലെ കൂടുതൽ ബസ് ജീവനക്കാരും സ്ഥലത്തെത്തി. ഇവിടെ വെച്ച് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു.
പരിക്കേറ്റ കാര്‍ യാത്രികരായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശികളായ ഉനൈസ, ഫാത്തിമ എന്നിവരും ബസ് ജീവനക്കാരായ ലക്കിടി സ്വദേശി ചൊവ്വയില്‍ പ്രശോഭ്, താമരശേരി സ്വദേശി അസന്‍ മുഹമ്മദ്, പുവ്വാട്ടുപറമ്പ് സ്വദേശി ഷമ്മാസ് എന്നിവരും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
തുടർന്ന് ആശുപത്രി പരിസരത്തുവച്ച് ഇരുകൂട്ടരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ശനിയാഴ്ച രാത്രി എട്ടിന് നടന്ന സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്തു.