പശുക്കടവിലെ വീട്ടമ്മയുടെ മരണം; നരഹത്യയ്ക്ക് കേസെടുക്കാന്‍ പോലീസ്
Sunday, August 3, 2025 8:25 AM IST
കോഴിക്കോട്: തൊട്ടില്‍പാലം പശുക്കടവിലെ വീട്ടമ്മയുടെ മരണത്തില്‍ നരഹത്യയ്ക്ക് കേസെടുക്കാന്‍ പോലീസ്. വൈദ്യുതക്കെണിയാണ് മരണകാരണമെന്ന നിഗമനത്തിലാണ് പോലീസ്.
വളര്‍ത്തു പശുവിനെ അന്വേഷിച്ചുപോയ ബോബിയെ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ബിഎൻഎസ് ആക്ടിലെ 105,106 വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന.
നിലവില്‍ അസ്വഭാവിക മരണത്തിനു മാത്രമാണ് കേസ്. കൃഷിസംരക്ഷിക്കാന്‍ അല്ല ഇലക്ട്രിക്ക് കെണി എന്നും പോലീസ് നിരീക്ഷിക്കുന്നുണ്ട്. മൃഗവേട്ടക്കുള്ള കെണിയാണ് എന്നാണ് നിഗമനം.
മേയ്ക്കാന്‍ വിട്ട പശുവിനെ തേടിയാണ് ബോബി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കോങ്ങോട് മലയിലേയ്ക്ക് പോയത്. രാത്രി ഏഴ് കഴിഞ്ഞിട്ടും വീട്ടില്‍ തിരികെ എത്തിയില്ല.
അമ്മ വീട്ടിലെത്താത്ത കാര്യം മക്കളാണ് പുറത്ത് അറിയിച്ചത്. തൊട്ടുപിന്നാലെ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി.
പുലര്‍ച്ചെ ഒന്നോടെ ബോബിയുടെയും വളര്‍ത്തു പശുവിന്റെയും മൃതദേഹം കൊക്കോത്തോട്ടത്തില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരിക്കൊന്നും ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.