അമിത ലഗേജിന് ഫീസ് ചോദിച്ചു; സ്പൈസ്ജെറ്റ് ജീവനക്കാരെ ആക്രമിച്ച് സൈനിക ഉദ്യോഗസ്ഥൻ
Sunday, August 3, 2025 2:35 PM IST
ന്യൂഡൽഹി: വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ചോദിച്ചതിന് സൈനിക ഉദ്യോഗസ്ഥൻ വിമാനക്കമ്പനി ജീവനക്കാരനെ മർദിച്ചു. ജൂലൈ 26ന് ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം.
സൈനിക ഉദ്യോഗസ്ഥന്റെ ആക്രമണത്തിൽ നാല് സ്പൈസ് ജെറ്റ് ജീവനക്കാർക്ക് പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനുമാണ് പരിക്ക്. ഒടിവ് ഉൾപ്പെടെ പരിക്ക് ഗുരുതരമാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്കുള്ള എസ്ജി-386 വിമാനത്തിന്റെ ബോർഡിംഗ് ഗേറ്റിലാണ് സംഘർഷത്തിന്റെ തുടക്കം. കൈയിൽ കിട്ടിയ പരസ്യ ബോർഡ് എടുത്താണ് സൈനിക ഉദ്യോഗസ്ഥൻ ജീവനക്കാരെ ആക്രമിച്ചത്.
തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി സൈനികനെ പിടിച്ചുമാറ്റുകയായിരുന്നു. സംഘർഷത്തിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.