ഓവൽ ടെസ്റ്റ്: രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം
Sunday, August 3, 2025 5:56 PM IST
ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനമായ ഇന്ന് ആദ്യ സെഷനിൽ
ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റാണ് നഷ്ടപ്പെട്ടത്.
ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 164 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഹാരി ബ്രൂക്ക് (38), ജോ റൂട്ട് ( 23) എന്നിവരാണ് ക്രിസീലുള്ളത്. ഇംഗ്ലണ്ടിന് വിജയിക്കാൻ ഇനിയും 210 റൺസ് കൂടി വേണം. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (118) സെഞ്ചുറി നേടി. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേടി. ഗുസ് അറ്റകിന്സണ് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ന് ബെന്‍ ഡക്കറ്റിന്റെ (54) വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമാകുന്നത്. പ്രസിദ്ധിന്റെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ കെ.എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്‍ ഒല്ലി പോപ്പും മടങ്ങി. 27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
സാക് ക്രോളി (14) ആദ്യ ദിവസം മടങ്ങിയിരുന്നു. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ മുഹമ്മദ് സിറാജ് സാക് ക്രോളിയെ ബൗള്‍ഡാക്കുകയായിരുന്നു.