സാനുമാഷിന് വിട നൽകി നാട്; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
Sunday, August 3, 2025 6:17 PM IST
കൊച്ചി: സാഹിത്യകാരൻ എം.കെ. സാനുവിന് വിട നൽകി നാട്. ഇന്ന് വൈകുന്നേരം നാലിന് രവിപുരം ശ്മശാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമായി നടന്ന പൊതുദര്ശനത്തില് നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
മന്ത്രിമാരായ പി.പ്രസാദ്, ആർ.ബിന്ദു, പി.രാജീവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കൊച്ചി മേയർ അനിൽ കുമാർ, ഗോകുലം ഗോപാലൻ തുടങ്ങിയവർ അടക്കമുള്ള പ്രമുഖർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
ശനിയാഴ്ച വൈകുന്നേരം 5.35നായിരുന്നു എം.കെ. സാനുവിന്റെ അന്ത്യം. 98 കാരനായ എം.കെ.സാനു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിനു പരുക്കേറ്റതോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു.