"ഒത്തുതീർപ്പിന് തയാറല്ല, ദയാധനം വേണ്ട': നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്
Monday, August 4, 2025 8:58 AM IST
സനാ: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സങ്കീര്‍ണമാകുന്നു. പ്രിയയുടെ വധശിക്ഷയിൽ മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്.
കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയാറല്ലെന്നും ദയാധനം വേണ്ടെന്നും വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നുമാണ് തലാലിന്റെ സഹോദരന് വ്യക്തമാക്കുന്നത്.
ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടക്കാനിരിക്കെയാണ് അനിശ്ചിതമായി നീട്ടുവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.