"നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു: രാഹുൽ ഗാന്ധിക്കെതിരേ സുപ്രീം കോടതി
Monday, August 4, 2025 2:29 PM IST
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി.
2000 സ്വകയർ കിലോ മീറ്റർ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാമെന്ന് രാഹുലിനോട് കോടതി ചോദിച്ചു. നിങ്ങൾ ഒരു യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരം പരാമർശം ഒഴിവാക്കണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
നിങ്ങൾ ലോക്സഭ പ്രതിപക്ഷാ നേതാവാണ് ഇത്തരം കാര്യങ്ങൾ പാർലമെന്റിൽ പറയണം. സമൂഹമാധ്യമങ്ങളിലല്ല പറയേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിലെ തുടർനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ യുപി സർക്കാരിനും പരാതിക്കാർക്കും കോടതി നോട്ടീസയച്ചു.
2022 ഡിസംബറിലാണ് രാഹുൽ കേസിനാധാരമായ പ്രസ്താവന നടത്തിയത്. 2,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന അനധികൃതമായി കൈയേറിയെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ 'കീഴടങ്ങലാ'ണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
തനിക്കെതിരെ കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. രാഷ്ട്രീയപ്രേരിതമായാണ് തനിക്കെതിരെ കേസ് നൽകിയതെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. നേരത്തെ ഇതുമായി ബന്ധപ്പെട്ട രാഹുലിന്റെ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.