ഇന്ത്യയ്ക്ക് ആവേശവിജയം; പരമ്പര സമനിലയിൽ
Monday, August 4, 2025 4:33 PM IST
ഓവൽ: ഇംഗ്ലണ്ടിനെതിരെ നിർണായക ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആവേശവിജയം. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് കീഴടക്കിയ ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.
സ്കോർ: ഇന്ത്യ 224,396 ഇംഗ്ലണ്ട് 247,367. ഇന്ത്യ ഉയര്‍ത്തിയ 375 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 367 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. അഞ്ചാം ദിവസം ആദ്യ സെഷനില്‍ തകര്‍പ്പന്‍ ബോളിങ്ങിലൂടെയാണ് ഇന്ത്യ ആവേശവിജയം സ്വന്തമാക്കിയത്.
ആറിന് 339 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ജാമി ഓവര്ട്ടണ് തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജാമി സ്മിത്തിനെ (രണ്ട്) വീഴ്ത്തി മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി.
പിന്നാലെ 80-ാം ഓവറില്‍ ഓവര്‍ട്ടണിനെ (ഒന്‍പത്) വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് വീണ്ടും ഇന്ത്യന്‍ പ്രതീക്ഷകൾ ഉയർത്തി. പിന്നാലെ നിലയുറപ്പിച്ച ജോഷ് ടങ്ങിനെ പുറത്താക്കി പ്രസിദ്ധ് കൃഷണ മത്സരം ആവേശക്കൊടുമുടിയിലേറ്റി. പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്സിനെ ഒരറ്റത്ത് നിര്‍ത്തി ഗസ് ആറ്റ്കിന്സണ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു.
എന്നാല്‍ 86-ാം ഓവറില്‍ ആറ്റ്കിന്‍സന്റെ കുറ്റിതെറിപ്പിച്ച് സിറാജ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു. ഗില്ലിനെ പരമ്പരയിലെ താരമായും മുഹമ്മദ് സിറാജിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.