ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ്; സാന്ദ്രാ തോമസിന്റെ പത്രിക തള്ളി
Monday, August 4, 2025 6:51 PM IST
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാന്ദ്രാ തോമസ് നൽകിയ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടർന്ന് തർക്കം. പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്.
നിര്‍മാതാവെന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് വരണാധികാരിയുടെ നിലപാട്. തുടർന്ന് വരണാധികാരിയും സാന്ദ്രയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.
ഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറില്‍ രണ്ടു സിനിമകളും നിര്‍മിച്ചെന്നും സാന്ദ്ര വ്യക്തമാക്കി. ഇതിനിടയില്‍ നിര്‍മാതാവ് സുരേഷ് കുമാറും സാന്ദ്രാ തോമസും തമ്മില്‍ വാക്കേറ്റമുണ്ടായി.
തെരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാം. എന്നാൽ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചത്.
തുടർന്നാണ് പത്രിക തള്ളിയതെന്ന് വരണാധികാരി പറഞ്ഞു. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറിലുള്ളതാണ്.അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നും റിട്ടേണിംഗ് ഓഫീസർ പറഞ്ഞു.
പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.