മുംബൈയിൽ ഇനി പ്രാവുകൾക്ക് തീറ്റ നൽകാനാവില്ല; ആദ്യ കേസ് രജിസ്റ്റർ ചെയ്തു, വ്യാപക പ്രതിഷേധം
Monday, August 4, 2025 7:59 PM IST
മുംബൈ: ദശാബ്ദങ്ങളായി മുംബൈ നഗരങ്ങളിലെങ്ങും പാറിപ്പറന്ന് നടന്നിരുന്ന പ്രാവുകൾക്ക് തീറ്റ നൽകുന്നത് നിരോധിച്ച് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വ്യാപക പ്രതിഷേധം.
പ്രാവുകൾക്ക് തീറ്റ നൽകിയിരുന്ന റെയിൽവേ സ്റ്റേഷനുകളിലും പ്രശസ്തമായ ഗേറ്റ്വേ ഓഫ് ഇന്ത്യയിലും കബൂത്തർഖാനകൾ എന്നറിയപ്പെടുന്ന പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങളും ഇപ്പോൾ ടാർപ്പോളിൻ ഷീറ്റുകൾകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. ഇത് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രാവുകൾക്ക് ഭക്ഷണം നൽകിയതിന് മുംബൈയിൽ ആദ്യമായി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പൊതുസ്ഥലങ്ങളിലും പൈതൃക സ്ഥലങ്ങളിലും പ്രാവുകൾക്ക് തീറ്റ നൽകുന്നതിനുള്ള നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശനമായ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജൂലൈ 31-നാണ് ഉത്തരവിറങ്ങിയത്.
മുംബൈയിൽ പ്രാവുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉൾപ്പെടെയുള്ള ഗുരുതര പൊതുജനാരോഗ്യ പ്രശ്നങ്ങളും പൈതൃക സ്ഥലങ്ങൾക്ക് അവയുടെ വിസർജ്യം മൂലമുണ്ടാകുന്ന നാശവും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാൽ മൃഗസ്നേഹികളും പ്രാവിന് തീറ്റ നൽകുന്നത് ശുഭസൂചനയായി കരുതുന്ന മുംബൈയിലെ മതസമൂഹങ്ങളും ഈ ഉത്തരവിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.