ചേർത്തലയിൽ വയോധികയുടെ മാല കവർന്ന കേസ്; പ്രതി അറസ്റ്റിൽ
Wednesday, August 6, 2025 12:05 AM IST
ആലപ്പുഴ: ചേർത്തല നഗരത്തിൽ വച്ച് വയോധികയുടെ സ്വർണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചേർത്തല നഗരസഭ 10-ാം വാര്‍ഡ് നികര്‍ത്തില്‍ പവിത്രന്റെ ഭാര്യ സുഭദ്ര (66) യുടെ മാല കവർന്ന കേസിലാണ് മോഷ്ടാവ് പിടിയിലായത്.
ഇയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മോഷണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം തന്നെ പിടികൂടാൻ ചേർത്തല പൊലീസിന് സാധിച്ചു.
സുഭദ്രയുടെ ഒന്നര പവന്റെ മാലയാണ് മോഷണം പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് കിഴക്ക് വശത്തുള്ള കീർത്തി ബാറിന് സമീപത്താണ് സംഭവം നടന്നത്. ബാറിൻ്റെ തെക്കുവശത്തുള്ള റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു സുഭദ്ര.
വയോധികയെ ലക്ഷ്യമിട്ട് എത്തിയ മോഷ്ടാവ് പൊടുന്നനെ ആക്രമണം നടത്തി. ഒന്നര പവന്റെ സ്വർണമാല കവർന്ന് ഉടൻ സ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
ഇയാൾ ഓടിപ്പോയ ഭാഗത്തെ വീട്ടിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് വലവീശി. വ്യാപകമായി തെരച്ചിൽ നടത്തിയതിന് പിന്നാലെ പ്രതിയെ കലവൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.