ജാർഖണ്ഡിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്നു; കൗമാരക്കാരി അറസ്റ്റിൽ
Wednesday, August 6, 2025 12:50 AM IST
റാഞ്ചി: ജാർഖണ്ഡിലെ പലാമു ജില്ലയിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നവവധുവായ കൗമാരക്കാരി അറസ്റ്റിൽ.
ജൂലൈ 31 ന് നവജയ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പിപർവ വനത്തിൽ നിന്നുമാണ് സർഫ്രാസ് ഖാൻ എന്നയാളുടെ മൃതദേഹം കണ്ടെത്തുന്നത്.
അന്വേഷണത്തിനിടെ, കൊലപാതകത്തിൽ യുവതിയുടെ പങ്ക് വ്യക്തമായി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തുവെന്ന് പോലീസ് സൂപ്രണ്ട് റീഷ്മ രമേശൻ പറഞ്ഞു.
ജൂൺ 22നായിരുന്നു ഇവരുടെ വിവാഹം. കല്ലുകൊണ്ട് ഇടിച്ചാണ് പ്രതികൾ സർഫ്രാസ് ഖാനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കാട്ടിൽഉപേക്ഷിച്ചു.
അന്വേഷണത്തിൽ, പെൺകുട്ടി ഭർത്താവിനെ കാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കാമുകനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുവെന്നും അതിനാലാണ് ഭർത്താവിനെ കൊന്നതെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു.
പെൺകുട്ടിയുടെ കാമുകൻ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി.