വയനാട് സിപിഎമ്മിലെ വിഭാഗീയത; നേതാക്കൾക്കെതിരെ വീണ്ടും നടപടി
Wednesday, August 6, 2025 6:23 AM IST
കൽപ്പറ്റ: വയനാട് സിപിഎമ്മിലെ വിഭാഗീയതയിൽ വീണ്ടും നടപടിയുമായി പാർട്ടി നേതൃത്വം. മുതിർന്ന നേതാവ് എ.വി.ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. കണിയാമ്പറ്റയിലെ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. വിഭാഗീയത ഉന്നയിച്ച് കണിയാമ്പറ്റയിലും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ.വി.ജയനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നേരത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. വിഷയത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് നടപടി.
പുൽപ്പറ്റി ഏരിയാ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. ഇതിനു പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ ജയൻ വിമർശനം കടുപ്പിച്ചു. നടപടി വിഭാഗീയതയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.