അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പോലീസ്
Wednesday, August 6, 2025 7:49 AM IST
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പോലീസ്.
പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാരെയും സ്ത്രീകളെയും വംശീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പോലീസിന് പുറമേ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.
പ്രസംഗത്തിന്റെ ഉള്ളടക്കം ജാതിയെന്ന് പരാതിയിൽ പരാതിയിൽ പറയുന്നു. കേരള ദളിത് ലീഡേഴ്സ് കൗൺസിൽ ആണ് പരാതി നൽകിയത്. തിരുവനന്തപുരം കമ്മീഷണർ പട്ടികജാതി വർഗ കമ്മീഷന് റിപ്പോർട്ട് കൈമാറും.
പരാതി ലഭിച്ചിരുന്നെങ്കിലും പോലീസ് വിഷയത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. ഏത് വിധത്തിൽ കേസിനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഈ വിഷയത്തിൽ മന്ത്രിമാരടക്കം രണ്ടു തട്ടിലാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെ തന്നെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പക്ഷേ മന്ത്രി വി.എൻ. വാസനടക്കമുള്ള മന്ത്രിമാർ മയപ്പെടുത്തുന്ന രീതിയിലായിരുന്നു നിലപാടുകൾ പറഞ്ഞത്.
സിപിഐ-സിപിഐഎം സംസ്ഥാന സെക്രട്ടറിമാർ അടൂർ ഗോപാലകൃഷ്ണനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയും രംഗത്തുവന്നിട്ടുണ്ട്.