പ്രതിസന്ധികൾക്ക് അയവില്ലാതെ കേരള സർവകലാശാല; കേസ് ഇന്ന് വീണ്ടും പരിഗണിക്കും
Wednesday, August 6, 2025 9:10 AM IST
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും തമ്മിലുള്ള പോര് അയവില്ലാതെ തുടരുന്നു.
സർവകലാശാലയിലെ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള കേസിൽ വൈസ് ചാൻസലർ-സിൻഡിക്കറ്റ് പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ നല്കിയ കേസ് ഇന്ന് കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസം സർവകലാശാലയ്ക്കുവേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗണ്‍സൽ നല്കിയ സത്യവാങ്മൂലം സസ്പെൻഷനിലായ രജിസ്ട്രാർ തയാറാക്കി നല്‍കിയതെന്ന അവസ്ഥയുമുണ്ടായി.
നിലവിൽ രജിസ്ട്രാറുടെ ചുമതല മിനി കാപ്പനാണ് വൈസ് ചാൻസലർ നല്‍കിയിട്ടുള്ളത്. മിനി കാപ്പൻ നല്കിയ സത്യവാങ്മൂലം കോടതിയിൽ നല്കാൻ സ്റ്റാൻഡിംഗ് കൗണ്‍സൽ തയാറായില്ല.
സസ്പെൻഷൻ സിൻഡിക്കറ്റ് പിൻവലിച്ചതിനാൽ താനാണ് ഇപ്പോഴും സർവകലാശാലയുടെ രജിസ്ട്രാർ എന്നും, എന്നാൽ തന്റെ കൃത്യനിർവഹണത്തിന് വിസി തടസം നിൽക്കുകയാണെന്നുമാണ് അനിൽകുമാറിന്റെ വാദം.