പാലക്കാട് ഫോം നിര്‍മാണ കമ്പനിയില്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്
Wednesday, August 6, 2025 10:59 AM IST
പാലക്കാട്: വാളയാറില്‍ ഫോം നിര്‍മാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പതിനാലാം കല്ലിലുള്ള പൂലമ്പാറയില്‍ സ്ഥിതിചെയ്യുന്ന പ്യാരിലാല്‍ ഫോംസ് എന്ന കമ്പനിയിൽ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് തീപിടിത്തം ഉണ്ടായത്.
രണ്ടു ഗോഡൗണുകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള സംഘമെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീയും പുകയും പൂർണമായി നിയന്ത്രണ വിധേയമായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.