"ഗതാഗതക്കുരുക്ക് പരിഹരിക്കൂ, എന്നിട്ട് മതി പിരിവ്': പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
Wednesday, August 6, 2025 11:22 AM IST
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച്എഐ അറിയിച്ചിരുന്നത്.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാതാ അഥോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അഥോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.