ഷാർജയിലെ അതുല്യയുടെ ദുരൂഹ മരണം: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്
Wednesday, August 6, 2025 1:24 PM IST
കൊല്ലം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച അതുല്യയുടെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിച്ചുവരികയാണ്.
ജൂലൈ 19 നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സതീഷിനെതിരെ കേസെടുത്തത് അന്വേഷണം ആരംഭിച്ചത്.
വിശദമായ റീ പോസ്റ്റ്മോർട്ടം ലഭിക്കേണ്ടതുണ്ട്. ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതോടെ നിലവിലുള്ള എഎസ്പി അന്വേഷിച്ച കേസ് ഫയൽ കൈമാറും. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് ചില പരിമിതികൾ ഉണ്ട്. ഇതുകൊണ്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നാട്ടിലെത്തിച്ച അതുല്യയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയത് കരുനാഗപ്പള്ളി എഎസ് പി യുടെ നേതൃത്വത്തിലായിരുന്നു . അതുല്യയുടെ മരണത്തിന്റെ ഉത്തരവാദി ഭർത്താവ് സതീഷ് തന്നെയാണ് എന്നാണ് ഇപ്പോഴും കുടുംബം ആരോപിക്കുന്നത്.