പള്ളിപ്പുറം തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ പരിശോധന
Wednesday, August 6, 2025 5:29 PM IST
ആലപ്പുഴ: പള്ളിപ്പുറം തിരോധാനക്കേസിൽ നിർണായക നീക്കവുമായി പോലീസ്. സെബാസ്റ്റ്യന്റെ വനിതാ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്.
ഇവരുടെ കോഴിഫാമിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ദുരൂഹ സാഹചര്യത്തിൽ കോൺക്രീറ്റ് ചെയ്ത് നിർമിച്ച കോഴിക്കൂട് പൊളിച്ചു പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സെബാസ്റ്റ്യന്റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു.
റോസമ്മയുടെ വീടിന്റെ ഭാഗത്തും സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഇവരുടെ വീടും പരിസരവും കുഴിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. കേസിൽ റോസമ്മയെ പോലീസ് ചോദ്യം ചെയ്തിരുന്നു. സെബാസ്റ്റ്യൻ ആറ് മാസം താമസിച്ചത് റോസമ്മയുടെ വീട്ടിലാണ്.
കോഴി ഫാം തുടങ്ങനെന്ന പേരിൽ 20 സെന്റ് സ്ഥലത്ത് ദുരൂഹ നിർമാണം നടത്തി. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഉദ്ഘാടനവും നടത്തി. ഉദ്ഘാടനം നടത്തിയ ശേഷം കോഴി ഫാം പ്രവർത്തിപ്പിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
സെബാസ്റ്റ്യന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ തെരച്ചിലിൽ അടുപ്പിൽ നിന്ന് കത്തി കരിഞ്ഞ ലേഡീസ് വാച്ചിന്റെ സ്ട്രാപ്പ് കണ്ടെത്തി. ആറ് വർഷമായി ഉപയോഗിക്കാതെ കിടന്ന വീട്ടിൽ നിന്നാണ് കത്തി കരിഞ്ഞ വാച്ച് കണ്ടെത്തിയത്.