അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു; ശ്വേതാ മേനോനെതിരെ പോലീസ് കേസെടുത്തു
Wednesday, August 6, 2025 6:26 PM IST
കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ പോലീസ് കേസെടുത്തു. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരമാണ് സെൻട്രൽ പോലീസ് കേസെടുത്തത്.
ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അമ്മ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് ശ്വേതാ മേനോനെതിരെ പോലീസ് കേസെടുത്തത്.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ശ്വേത മേനോൻ അഭിനയിച്ചിട്ടുള്ള സിനിമകളും പരസ്യചിത്രങ്ങളുമൊക്കെയാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമായി പറയുന്നത്.
അമ്മ തെരഞ്ഞെടുപ്പുമായി തന്റെ പരാതിക്ക് യാതൊരു ബന്ധവുമില്ലെന്ന് മാര്ട്ടിന് മെനാച്ചേരി പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും മാര്ട്ടിന് വ്യക്തമാക്കി.