ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവ് അറസ്റ്റില്‍
Wednesday, August 6, 2025 7:55 PM IST
പത്തനംതിട്ട: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍. പുല്ലാട് ആലുന്തറ സ്വദേശി ശ്യാമ കൊല്ലപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് ജയകുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടിനു നടന്ന സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ബുധനാഴ്ച തിരുവല്ലയിലെ സ്വകാര്യ ബാറിനോട് ചേര്‍ന്ന സ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോയിപ്രം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്. ജില്ലാ പോലീസ് മേധാവിയും ഇവിടെയെത്തി പ്രതിയെ ചോദ്യംചെയ്യും.
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ മൊഴി നൽകി. കോഴഞ്ചേരിയിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ശ്യാമയെ വീട്ടിലെത്തിച്ചായിരുന്നു ജയകുമാർ കൊലപ്പെടുത്തിയത്.
ശ്യാമയുടെ പിതാവിനെയും പിതാവിന്റെ സഹോദരിയെയും ജയകുമാര്‍ ആക്രമിച്ചിരുന്നു. കുത്തേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്യാമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.