ധർമസ്ഥലയിൽ പരിശോധന തുടരുന്നു; മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു
Wednesday, August 6, 2025 10:43 PM IST
ബംഗളൂരു: ധർമസ്ഥലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്. അമ്പതോളം പേർ ചേർന്നാണ് ഇവരെ മർദിച്ചത്. ധർമസ്ഥല ട്രസ്റ്റിനെതിരെ സമരം ചെയ്യുന്ന വിഭാഗമാണ് ആക്രമിച്ചതെന്നാണ് സൂചന.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ബറ്റാലിയൻ പോലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചത്. ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവ് ചെയ്യുന്നത് തങ്ങൾ കണ്ടുവെന്ന് അവകാശപ്പെട്ട് ആറ് പേർ എസ്ഐടിയെ സമീപിച്ചു.
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻമേലുള്ള ആദ്യഘട്ട പരിശോധന അവസാനിക്കാനിരിക്കെയാണ് പുതിയ സാക്ഷികൾ രംഗത്തെത്തിയത്.