ട്രംപിന്റെ പ്രതിനിധി പുടിനെ കണ്ടു
Wednesday, August 6, 2025 11:50 PM IST
മോസ്കോ: അമേരിക്കൻ പ്രസിഡന്റ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് റഷ്യൻ നേതൃത്വത്തിനു നല്കിയിരിക്കുന്ന സമയം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേ നടന്ന ചർച്ചയ്ക്ക് അന്താരാഷ്ട്ര നിരീക്ഷകർ പ്രത്യേക പ്രാധാന്യം കല്പിക്കുന്നു.
മൂന്നു മണിക്കൂർ നീണ്ട ചർച്ച ഫലപ്രദമായിരുന്നുവെന്നാണ് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് പറഞ്ഞത്.
അമേരിക്കയും റഷ്യയും നയതന്ത്രത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു പുടിന്റെ ധനകാര്യ പ്രതിനിധി കിറിൾ ദിമിത്രിയേവും അഭിപ്രായപ്പെട്ടു. ദിമിത്രിയേവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് വിറ്റ്കോഫ് പുടിനെ കണ്ടത്.
റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ് ഫണ്ട് മേധാവിയായ ദിമിത്രിയേവ് മുന്പ് അമേരിക്കയുമായും യുക്രെയ്നുമായും റഷ്യ നടത്തിയ ചർച്ചകളിൽ പ്രധാന പങ്കു വഹിച്ചിരുന്നു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഓഗസ്റ്റ് എട്ടിനകം റഷ്യയിൽനിന്നുണ്ടാകണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അന്ത്യശാസനം നല്കിയിരിക്കുന്നത്. അല്ലെങ്കിൽ റഷ്യക്ക് നൂറു ശതമാനം ചുങ്കം ചുമത്തുമെന്നാണ് ഭീഷണി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കുമേലും ചുങ്കം ചുമത്തും.
അതേസമയം, ട്രംപിന്റെ ഭീഷണിക്കു ശേഷവും യുക്രെയ്നിൽ വ്യോമാക്രമണം കടുപ്പിക്കുകയാണു റഷ്യ.