"അമേരിക്ക ഇന്ത്യയ്ക്ക് മേൽ നടത്തുന്നത് സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങ്'; വിമർശനവുമായി രാഹുൽ ഗാന്ധി
Thursday, August 7, 2025 12:16 AM IST
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നേരെ അധിക പകരംതീരുവ ചുമത്തിയ യുഎസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഈ നടപടി അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങ് ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
അതേസമയം, അമേരിക്ക ഇന്ത്യയോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും പുതിയ വ്യാപാര പങ്കാളികളെ ഇന്ത്യ കണ്ടത്തേണ്ടതുണ്ടെന്നും ശശി തരൂര്‍ എംപി വ്യക്തമാക്കി. "യുറേനിയം, പല്ലേഡിയം, എന്നിവ അമേരിക്ക റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈനക്കാര്‍ നമ്മളേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നവരാണ്. പക്ഷെ ചൈനക്കാര്‍ക്ക് 90 ദിവസത്തെ ഇടവേള അവര്‍ നല്‍കിയിട്ടുണ്ട്. അമേരിക്ക നമ്മുടെ രാജ്യത്തോട് നല്ല സൗഹൃദം പുലര്‍ത്തുന്നവരാണെന്നാണ് കരുതിയത്. എന്നാല്‍ അവര്‍ ചെയ്തത് സൗഹൃദപരമായ പ്രവൃത്തിയല്ല. ഈ അനുഭവത്തില്‍ നിന്ന് നമ്മള് പാഠം പഠിക്കേണ്ടതുണ്ടെന്നും' തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിലവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് ഉത്തരവില്‍ അറിയിച്ചു. 21 ദിവസത്തിനുള്ളില്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണി തുടരുന്നുവെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചു.