ട്രംപുമായി ചർച്ചയ്ക്കില്ലെന്ന് ബ്രസീൽ പ്രസിഡന്റ്
Thursday, August 7, 2025 5:10 AM IST
വാഷിംഗ്ടൺ ഡിസി: ബ്രസീലിയൻ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനമായി യുഎസ് ഉയർത്തിയ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇടമില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ.
കാബിനറ്റ് തലത്തിലുള്ള ചർച്ചകൾ തന്റെ സർക്കാർ ഉപേക്ഷിക്കുകയില്ലെന്നും എന്നാൽ താൻ വൈറ്റ് ഹൗസുമായി ബന്ധപ്പെടില്ലെന്നും ബ്രസീലിയൻ പ്രസിഡന്റ് പറഞ്ഞു. പുതിയ യുഎസ് വ്യാപാര തടസങ്ങൾ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയ്ക്ക് കോട്ടംവരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസിന്റെ താരിഫ് വർധനകളോടുള്ള സംയുക്ത പ്രതികരണത്തിന്റെ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യയും ചൈനയും തുടങ്ങി വികസ്വര രാജ്യങ്ങളുടെ ബ്രിക്സ് ഗ്രൂപ്പിൽ നിന്നുള്ള നേതാക്കളെ വിളിക്കാനൊരുങ്ങുകയാണ് ബ്രസീൽ പ്രസിഡന്റ്.