ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെയുള്ള ആക്രമങ്ങള്‍: അജണ്ടകൾ പലതെന്ന് ആനിരാജ
Thursday, August 7, 2025 6:09 AM IST
കോട്ടയം: രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെയുള്ള ആക്രമങ്ങള്‍ക്കു പിന്നിലെ അജണ്ടകള്‍ പലതാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും മഹിളാസംഘം ദേശീയ പ്രസിഡന്റുമായ ആനി രാജ. കോട്ടയം പ്രസ്ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആനി രാജ.
രാജ്യത്തു തുടര്‍ച്ചയായ ആക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് എതിരായി നടക്കുന്നുണ്ട്. ആര്‍എസ്എസിന്റെ അപ്രഖ്യാപിത ഹിന്ദു രാഷ്ട്രം എന്ന അജണ്ട നടപ്പാക്കുകയെന്നതാണ് ഇതിനു പിന്നില്‍.ആക്രമിക്കപ്പെടുന്നവരില്‍ ഏറെയും ട്രൈബല്‍ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളാണ്.
ഫല ഭൂയിഷ്ടമായ പ്രദേശങ്ങളാണ് ഈ മേഖലയിലുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ നിന്നും ജനവിഭാഗങ്ങളെ ഒഴിപ്പിച്ച് ഭൂമി കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്. മണിപ്പൂരില്‍ സംഭവിച്ചതും ഇതു തന്നെ. ഭൂമി അദാനിക്ക് കൈമാറാന്‍ തീരുമാനമായതായും ആനി രാജ ആരോപിച്ചു.
കന്യാസ്ത്രീമാരുടെ അറസ്റ്റിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി ബന്ധിപ്പിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് കേരളത്തിലെ ബിജെപി കാട്ടിയത്. ക്രിസ്ത്യന്‍ വിഭാഗത്തോട് ഇക്കൂട്ടര്‍ക്ക് സ്നേഹം ഉണ്ടെങ്കില്‍ രാജ്യത്തെ വിവിധ ജയിലുകളിലായി എത്രയോ വൈദികരും കന്യാസ്ത്രീകളും പാസ്റ്റര്‍മാരും അടക്കം തടവില്‍ ഉണ്ട്.
അവരെക്കുറിച്ചും അവരുടെ മോചനത്തെ കുറിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്താണ് പറയാനുള്ളതെന്നും ആനി രാജ ചോദിച്ചു.