പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, അറസ്റ്റിലായ രണ്ടുപേരിൽ പ്രായപൂർത്തിയാകാത്തയാളും
Thursday, August 7, 2025 7:11 AM IST
കാൺപുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പതിനഞ്ചുകാരൻ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപുർ മഹാരാജ്പുരിലാണ് സംഭവം നടന്നത്. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ജൂലൈ 26ന് നടന്ന സംഭവം ഇരയായ പെൺകുട്ടി മഹാരാജ്പുർ പോലീസിനെ അറിയിക്കാൻ സമീപിച്ചതോടെയാണ് പുറത്തറിയുന്നത്. ഫത്തേപൂർ സ്വദേശിയായ മഹേഷ് (19) എന്ന കാമുകനോടൊപ്പമായിരുന്നു പെൺകുട്ടിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് പറഞ്ഞു. മഹേഷ് ചില സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന മഹാരാജ്പൂരിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് ഇവരുടെ അടുത്തേക്ക് എത്തിയ ദിവ്യാൻഷു എന്ന ലക്കിയും (19), 15 വയസുള്ള ഇയാളുടെ സുഹൃത്തും ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ഇവരുടെ ചിത്രമെടുക്കുകയും പെൺകുട്ടിയോട് 7,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതോടെ പെൺകുട്ടിയെ തനിച്ചാക്കി മഹേഷ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ അഭിഷേക് പാണ്ടേ പറഞ്ഞു.
ദിവ്യാൻഷുവിനെ ജയിലിലേക്കും പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലേക്കും മാറ്റി. ഒളിവിലുള്ള മഹേഷിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.