പള്ളിപ്പുറം തിരോധാനക്കേസ്: സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Thursday, August 7, 2025 10:03 AM IST
ആലപ്പുഴ: ഏറ്റുമാനൂർ ജെയ്നമ്മ തിരോധാന കേസിൽ പ്രതി സി.എം. സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ആറ് ദിവസമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്‍ ചോദ്യങ്ങളോട് സഹകരിക്കുന്നില്ല.
ആദ്യം ഡിഎൻഎ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടാതെ ആലപ്പുഴയിലെ കേസുകളന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയേക്കും.
സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സെബാസ്റ്റ്യനെ കഴിഞ്ഞ ദിവസം പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഭാര്യയെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. കാണാതായ സ്ത്രീകളിൽ ഒരാളായ ജെയ്നമ്മയുടെ ബന്ധുവുമായി മുന്‍പരിചയമുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.
ജെയ്നമ്മയെ കാണാതായ ദിവസം സെബാസ്റ്റ്യന്‍ എവിടെയാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവരില്‍നിന്ന് ശേഖരിച്ചത്. ഇരുവരെയും ഒരുമിച്ച് ഇരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. മുമ്പും അന്വേഷണസംഘം ഭാര്യയുടെ മൊഴി എടുത്തിരുന്നു. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു മൊഴിയെടുത്തത്.
സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം ബുധനാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സെബാസ്റ്റ്യന്റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു.
അസുഖബാധിതയായ അമ്മയെ പരിചരിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭാര്യയും മകളും ഏറ്റുമാനൂര്‍ വെട്ടിമുകളിലുള്ള സ്വന്തം വീട്ടിലാണു താമസം. ഇടയ്ക്കിടക്ക് സെബാസ്റ്റ്യനും ഇവര്‍ക്കൊപ്പം ഇവിടെ താമസിക്കുന്നുണ്ടായിരുന്നു.