ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം
Thursday, August 7, 2025 10:41 AM IST
കൊല്ലം: കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന് എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പനവേലി ഭാഗത്ത് രാവിലെ 6.45 ഓടെയായിരുന്നു അപകടം. ജോലിക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീകളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും വാഹനം ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന് നിന്നിരുന്നത്.
ഗുരുതരമായി പരിക്കേറ്റ സോണിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടി മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.