കൊടി സുനിയെ ജയിൽമാറ്റാൻ ഉത്തരവ്; തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും
Thursday, August 7, 2025 6:37 PM IST
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ജയിൽ വകുപ്പിന്റെ അടിയന്തര ഉത്തരവ്.
കണ്ണൂർ ജയിലിൽ കൊടി സുനി ലഹരിമരുന്ന് വിൽപ്പന നടത്തുകയും പുറത്തുള്ള ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുവെന്ന ജയിൽ വകുപ്പിന്റെ തന്നെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ന്യൂ മാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കായി ജനുവരി 29നാണ് കൊടി സുനിയെ തവനൂർ ജയിലിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. എന്നാൽ, വിചാരണ തടവുകാരനായി കണ്ണൂരിലെത്തിയ സുനി, ജയിലിനുള്ളിൽ ലഹരിമരുന്ന് കച്ചവടം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് ജയിൽ അധികൃതർ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിനെ തുടർന്നാണ് സുനിയെ അടിയന്തരമായി തവനൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ സുനിയെ തവനൂരിലേക്ക് മാറ്റുമെന്നും ന്യൂ മാഹി ഇരട്ടക്കൊലക്കേസിലെ വിചാരണ ഓൺലൈനായി നടത്തുന്നതിനാൽ കേസ് നടത്തിപ്പിനെ ഇത് ബാധിക്കില്ലെന്നും ജയിൽ വകുപ്പ് അറിയിച്ചു.