വോട്ടർ പട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന സംശയം ബലപ്പെടുന്നു: വി.എസ്. സുനിൽ കുമാർ
Thursday, August 7, 2025 7:13 PM IST
തൃശൂർ: വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ.
വോട്ടർ പട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന സംശയം ബലപ്പെടുന്നതായി സുനിൽകുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്നും വി.എസ്. സുനിൽകുമാർ കൂട്ടിച്ചേർത്തു.
തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോപണങ്ങൾ ശരിയെന്ന് തോന്നുന്നതാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. തൃശൂരിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ വലിയ അട്ടിമറി നടന്നു.
അന്യസംസ്ഥാന തൊഴിലാളികളെയും മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവരെയും തൃശൂരിൽ വ്യാപകമായി ചേർത്തു. വോട്ട് ചേർത്തുന്നതിൽ നിയമം ലഘൂകരിച്ചത് തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നു. ഇത്തരം അട്ടിമറി തൃശൂർ മണ്ഡലത്തിലും നടന്നിട്ടുണ്ടെന്ന് അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നുവെന്നും സുനിൽ കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ കാലം കഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധിക്ക് ഇത് കണ്ടെത്താൻ കഴിഞ്ഞത്. അതുകൊണ്ട് പരാതി നൽകാൻ വൈകുന്നതിലും കുഴപ്പമില്ല. രാഹുൽ ഗാന്ധി തെറ്റായ ഒരു ആരോപണം ഉന്നയിക്കുമെന്ന് വിശ്വസിക്കുന്നില്ല. സുപ്രീംകോടതി അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്നും വി.എസ്. സുനിൽകുമാർ കൂട്ടിച്ചേർത്തു.