മെട്രോ വയഡക്ടില്‍ നിന്ന് ചാടി യുവാവ് മരിച്ച സംഭവം; അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് കൊച്ചി മെട്രോ
Thursday, August 7, 2025 10:26 PM IST
കൊച്ചി: വടക്കേകോട്ട സ്റ്റേഷന് സമീപം മെട്രോ വയഡക്ടില്‍ നിന്ന് യുവാവ് റോഡിലേക്ക് ചാടി മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.
സംഭവത്തെക്കുറിച്ച് ഡയറക്ടറുടെ (സിസ്റ്റംസ്) നേതൃത്വത്തില്‍ വിശദമായ ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് കഴിഞ്ഞാണ് യുവാവ് പ്ലാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് ചാടുന്നത്. ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ എമര്‍ജന്‍സി ട്രിപ് സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചശേഷം രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ട്രാക്കിന് മുകളിലെ എമര്‍ജെന്‍സി പാത്ത് വേയില്‍ കയറി നിലയുറപ്പിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയും അവര്‍ സംഭവ സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. കടവന്ത്രമുതല്‍ തൃപ്പൂണിത്തുറവരെയുള്ള പാതയില്‍ തുടര്‍ന്ന് 40 മിനിറ്റോളം ട്രയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. 2.44 ന് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.