വൈദിക സംഘത്തിന് നേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നതാണെന്ന് സിബിസിഐ
Thursday, August 7, 2025 10:58 PM IST
ഭുവനേശ്വർ: ഒഡീഷയിൽ വൈദിക സംഘത്തിന് നേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നതാണെന്ന് സിബിസിഐ. വൈദികർക്കും സന്യസ്തർക്കും സുരക്ഷയൊരുക്കണം. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ആക്രമണത്തിന് പിന്നിൽ ബജ്റംഗദൾ ആണെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റോഡ്രിഗസ് പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറിലാണ് മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്റംഗ്ദൾ ആക്രമണമുണ്ടായത്. ജലേശ്വർ സെന്റ് തോമസ് ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. വി.ജോജോ, സിസ്റ്റർമാരായ എലേസ, മോളി എന്നിവരുൾപ്പെടെയുള്ള സംഘത്തിനാണ് ഗംഗാധർ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് മർദനമേറ്റത്.
ഫാ. ലിജോ കുറവിലങ്ങാട് സ്വദേശിയും ഫാ. ജോജോ തൃശൂർ സ്വദേശിയുമാണ്. കന്യാസ്ത്രീകൾ ആലപ്പുഴ സിസ്റ്റേഴ്സ് ഓഫ് ദ് വിസിറ്റേഷൻ കോൺഗ്രിഗേഷൻ അംഗങ്ങളാണ്.
ഗ്രാമവാസികളുടെ ആണ്ട് കുർബാനയ്ക്കാണ് വൈദികരും സംഘവും എത്തിയത്. മടങ്ങുന്നതിനിടെ 500 മീറ്റർ പിന്നിട്ടപ്പോൾ വഴിയിൽ കാത്തുനിന്ന 70ലേറെപ്പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.