തിരുവല്ലയിൽ മുള്ളൻപന്നി ഇറങ്ങി; ആശങ്കയിൽ നാട്ടുകാർ
Friday, August 8, 2025 3:01 AM IST
പത്തനംതിട്ട: തിരുവല്ല നഗരത്തിൽ മുള്ളൻപന്നി ഇറങ്ങി. റെയിൽവേ സ്റ്റേഷന് സമീപം വൈഎംസിഎ. - തീപ്പിനി റോഡിൽ റോഡിലാണ് മുള്ളൻപന്നിയെ കണ്ടത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
തീപ്പിനി സ്വദേശിയായ ബിബിൻ ചാക്കോ കാറിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് മുള്ളൻപന്നി റോഡിന് കുറുകെ ചാടിയത്. ഉടൻ തന്നെ അദ്ദേഹം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി.
കാറിന്റെ വെളിച്ചം കണ്ടതോടെ മുള്ളൻപന്നി സിഎസ്ഐ പള്ളിക്ക് സമീപത്തുള്ള കാട് നിറഞ്ഞ പുരയിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ ഭാഗത്ത് മുള്ളൻപന്നിയെ കണ്ടത് ഇതാദ്യമായാണെന്ന് അധികൃതർ അറിയിച്ചു.
തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളെ സാധാരണയായി കാണാറുണ്ടെങ്കിലും മുള്ളൻപന്നി എത്തുന്നത് ആദ്യമായാണെന്ന് വാർഡ് കൗൺസിലർ മാത്യൂസ് ചാലക്കുഴി പറഞ്ഞു. നഗരത്തിന് അടുത്തുള്ള വനപ്രദേശങ്ങളിൽ നിന്നോ സമീപത്തെ കാടുകളിൽ നിന്നോ ആകാം മുള്ളൻപന്നി എത്തിയതെന്നാണ് നിഗമനം. ഈ സംഭവം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.