ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു; കണ്ടെയ്നർ ലോറി ഇടറോഡിൽ കുടുങ്ങി
Friday, August 8, 2025 3:39 AM IST
പെരുമ്പാവൂർ: ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയ്നർ ലോറി ഇടറോഡിൽ കുടുങ്ങി. പെരുമ്പാവൂർ ഓൾഡ് വല്ലം റോഡിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പൂനയിൽനിന്നു കിഴക്കമ്പലത്തേക്കു വരികയായിരുന്നു ലോറി.
എംസി റോഡ് വഴി പോകേണ്ട വാഹനം ഗൂഗിൾ മാപ്പിലെ നിർദേശമനുസരിച്ചാണ് ഇടറോഡിലേക്കു പ്രവേശിച്ചത്. എന്നാൽ വാഹനത്തിന്റെ വലിപ്പം ഗൂഗിൾ മാപ്പിൽ സെറ്റ് ചെയ്യാതിരുന്നതാണ് ഇത്തരത്തിൽ അബദ്ധം പറ്റാൻ കാരണമായതെന്ന് കരുതുന്നു.
തെറ്റായ റോഡിലേക്കാണു പ്രവേശിച്ചതെന്നു മനസിലാക്കിയ ഡ്രൈവർ വാഹനം ഇടറോഡിൽ തിരിക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യവ്യക്തികളുടെ രണ്ടു മതിലുകൾ തകർത്തു. വാഹനം കാനയിലേക്ക് പതിക്കുകയും ചെയ്തു.