ശബരിമല തീർഥാടനം: റോഡ് നിർമാണം ഏകോപിപ്പിക്കാൻ കോർ ടീം
Friday, August 8, 2025 5:47 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് മുന്നോടിയായി റോഡ് നിർമാണ പ്രവർത്തനം ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
പൊതുമരാമത്ത് സെക്രട്ടറി കണ്‍വീനറായ ടീമിൽ അഡീഷണൽ സെക്രട്ടറി, കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ, കെആർഎഫ്ബി (പിഎംയു) പ്രോജക്ട് ഡയറക്ടർ, നിരത്ത്, പാലം, ദേശീയപാത, ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർമാർ, റിക്ക്, പ്രതീക്ഷ-ആശ്വാസ് മാനേജിംഗ് ഡയറക്ടർമാർ എന്നിവർ അംഗങ്ങളാണ്. ഓരോ ജില്ലയിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള ചുമതല ഓരോ ചീഫ് എൻജിനിയർമാർക്കു നൽകിയതായി മന്ത്രി റിയാസ് അറിയിച്ചു.
ഓഗസ്റ്റ് 25നു മുൻപ് പരിശോധന നടത്തി റിപ്പോർട്ട് നൽകണം. തീർഥാടനകാലം അവസാനിക്കും വരെ പരിശോധന തുടരും. ജില്ലകളിലെ എല്ലാ വിംഗുകളുടെയും പ്രവൃത്തികൾ ഏകോപിപ്പിക്കാനുള്ള ചുമതല നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർമാർക്കു നൽകി.
നിലവിൽ നടക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രി യോഗത്തിൽ നിർദേശിച്ചു. തെരുവു വിളക്ക് സംവിധാനവും ഡ്രെയിനേജ് സംവിധാനവും കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.