കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ വെടിവച്ചുകൊന്നതിന് യുവാവിനെതിരെ കൊലക്കുറ്റം
Friday, August 8, 2025 7:23 AM IST
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി. മൊഹാക്ക് കോളജിലെ രണ്ടാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിനിയായ ഹർസിമ്രത് രൺധാവ (21) യാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് ജെർഡൈൻ ഫോസ്റ്ററിനെ (32) ഹാമിൽട്ടൺ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ മൂന്ന് കൊലപാതകശ്രമ കുറ്റങ്ങളും ചുമത്തി. കേസിൽ മറ്റ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഏപ്രിൽ 17ന് അപ്പർ ജെയിംസ് സ്ട്രീറ്റിന്റെയും സൗത്ത് ബെൻഡ് റോഡിന്റെയും കവലയിലെ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം നടന്നത്. നാല് കാറുകളിലായി ഇവിടെയെത്തിയ ഏഴോളം പേർ തമ്മിൽ നടന്ന തർക്കത്തേത്തുടർന്നുണ്ടായ വെടിവയ്പ്പിലാണ് ഇന്ത്യൻ വിദ്യാർഥിനിക്ക് വെടിയേറ്റത്.
ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ ഹർസിമ്രതിന് വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിരപരാധിയായ കാഴ്ചക്കാരിയായിരുന്ന ഹർസിമ്രത് ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.