ഡോ. ഹാരിസിന്റെ മുറി തുറന്നത് പരിശോധനയുടെ ഭാഗമായി; സമ്മതിച്ച് മെഡി. കോളജ് പ്രിൻസിപ്പൽ
Friday, August 8, 2025 9:07 AM IST
തിരുവനന്തപുരം: ഡോ. സി.എച്ച്. ഹാരിസിന്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ പി.കെ. ജബ്ബാർ.
മുറിയിൽ ഒരു ഉപകരണം ഉണ്ട്. എന്നാല്‍ പൂർണമായും മോർസിലോസ്കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. ഡിഎംഇ അടക്കമുള്ളവരും പരിശോധനയിൽ ഉണ്ടായിരുന്നു. ഡിഎംഇയുടെ ടെക്നികല്‍ ടീം ഇന്ന് വീണ്ടും പരിശോധന നടത്തും. പരിശോധന കഴിഞ്ഞാൽ മാത്രമേ ഉപകരണം ഏതെന്ന് പറയാനാകുവെന്നും ഡോക്ടർ പി.കെ. ജബ്ബാർ അറിയിച്ചു.
ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണ്. ഇന്ന് പരിശോധന പൂർത്തിയാക്കിയാൽ താക്കോൽ ഡോ. ഹാരിസിനോ അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോ കൈമാറും. ഇന്ന് പരിശോധന പൂർത്തിയാകുമെന്നും ഡോക്ടർ ജബ്ബാർ പ്രതികരിച്ചു.
നേരത്തെ, തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് കരുതുന്നതെന്നും ഡോ. സി.എച്ച്. ഹാരിസ് ആരോപിച്ചിരുന്നു.
കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് അദ്ദേഹം ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.