ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടന കൂടിയാണ്: മാര്‍ ആൻഡ്രൂസ് താഴത്ത്
Friday, August 8, 2025 11:06 AM IST
കൊച്ചി: ഒഡീഷയിലെ ജലേശ്വറിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാര്‍ ആൻഡ്രൂസ് താഴത്ത്. ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടന കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കുർബാനക്കും പള്ളിയുടെ ജൂബിലിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അവര്‍ പോയത്. മത പരിവർത്തനം ആണ് അക്രമികൾ ആരോപിച്ചത്. വെര്‍ബല്‍ അറ്റാക്ക് ആണ് നടന്നത്. സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും കൃത്യമായ നടപടികൾ ഇല്ലാത്തത് കൂടുതൽ ആക്രമണങ്ങൾക്ക് വഴി വയ്ക്കുന്നുവെന്നും മാര്‍ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു.
ബാലസോർ രൂപതയ്ക്കു കീഴിലുള്ള ഗംഗാധർ ഗ്രാമത്തിനു സമീപം ബുധനാഴ്ചയായിരുന്നു സംഭവം. ജാലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ, ജോഡ ഇടവക വികാരി ഫാ. ജോജോ വൈദ്യക്കാരൻ എന്നിവരുൾപ്പെടെയുള്ള സംഘം രണ്ടു പ്രാദേശിക ക്രൈസ്തവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഗംഗാധർ മിഷൻ സ്റ്റേഷൻ സന്ദർശിച്ചശേഷം മടങ്ങവെയായിരുന്നു ആക്രമണം.
രാത്രി ഒന്‍പതോടെ ഗ്രാമം വിട്ടുപോകുമ്പോൾ ഗ്രാമത്തിൽനിന്ന് അര കിലോമീറ്റർ അകലെ ഇടുങ്ങിയ വനപ്രദേശത്ത് എഴുപതോളം വരുന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ സംഘം കാത്തിരിക്കുകയായിരുന്നുവെന്ന് ഫാ. ലിജോ ദീപികയോടു പറഞ്ഞു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന മതബോധന അധ്യാപകനെ ആദ്യം കൈയറ്റം ചെയ്തശേഷം ബൈക്ക് നശിപ്പിച്ചു. ഇന്ധനം ഊറ്റിയെടുക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ വൈദികരുടെ വാഹനത്തിനുനേരേ തിരിഞ്ഞു. ബലംപ്രയോഗിച്ചു വാഹനം നിർത്തിയ സംഘം വൈദികരെ കൈയേറ്റം ചെയ്തു. ഡ്രൈവറെ മർദിച്ചു.
രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. ആളുകളെ നിർബന്ധിച്ചു മതം മാറ്റി അമേരിക്കക്കാരെപ്പോലെയാക്കുന്നുവെന്നും ബിജെഡിയുടെ കാലം കഴിഞ്ഞുവെന്നും ഇപ്പോൾ ബിജെപിയുടെ ഭരണമാണെന്നും നിങ്ങൾക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാൻ കഴിയില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് ഫാ. ലിജോ പറഞ്ഞു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള ഗ്രാമവാസികൾ, വൈദികരുൾപ്പെടെയുള്ള സംഘം എത്തിയതു പ്രാർഥനയ്ക്കാണെന്നു പറഞ്ഞെങ്കിലും അക്രമിസംഘം പിന്തിരിഞ്ഞില്ല.
സംഭവം ആസൂത്രിതമാണെന്നു സംശയമുണ്ടെന്നും ഫാ. ലിജോ കൂട്ടിച്ചേർത്തു. 45 മിനിറ്റിനുശേഷം പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ പിന്തിരിഞ്ഞില്ല. അന്വേഷണത്തിനായി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞ് വൈദികരുൾപ്പെടുന്ന സംഘത്തെ പോലീസ് അക്രമിസംഘത്തിൽനിന്നു രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. അക്രമികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്.