ആരോപണങ്ങൾ ഗുരുതരം; രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശശി തരൂർ
Friday, August 8, 2025 11:08 AM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നെന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
രാഹുലിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടര്‍മാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂര്‍ പറഞ്ഞു. കഴിവില്ലായ്മയും അശ്രദ്ധയും മൂലമോ മോശമായതും കരുതിക്കൂട്ടിയുള്ളതുമായ അനാവശ്യ ഇടപെടലിലൂടെയോ തകര്‍ക്കാവുന്നതല്ല ഇന്ത്യയുടെ മൂല്യമേറിയ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെന്നും തരൂര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന്റെ കോണ്‍ഗ്രസ് പങ്കുവച്ച വീഡിയോപോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ക്രമക്കേടിനായി ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും ഗൂഢാലോചന നടത്തുന്നതിന്റെ തെളിവുകളുണ്ടെന്നാരോപിച്ച് വ്യാഴാഴ്ച മാധ്യമങ്ങള്‍ക്കുമുന്നില്‍ രാഹുല്‍ കണക്കുകള്‍ നിരത്തിയിരുന്നു.