ഹാരിസിന്റെ മുറിയിൽ ആരോ അതിക്രമിച്ചു കയറി; കാണാതായ ഉപകരണം കൊണ്ടുവച്ചു: മെഡി.കോളജ് പ്രിൻസിപ്പൽ
Friday, August 8, 2025 11:48 AM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോ. സി.എച്ച്. ഹാരിസിന്റെ മുറിയില്‍ ആരോ അതിക്രമിച്ച് കയറിയെന്ന വെളിപ്പെടുത്തലുമായി പ്രിന്‍സിപ്പൽ പി.കെ. ജബ്ബാര്‍.
കാണാതായ ഉപകരണം കൊണ്ടുവച്ചെന്നാണ് സംശയം. ആദ്യ പരിശോധനയില്‍ കാണാത്ത പെട്ടി പിന്നീട് കണ്ടെത്തുകയായിരുന്നു. ഡോ. ഹാരിസിന്റെ മുറിയില്‍ കയറിയത് ആരെന്ന് തിരിച്ചറിയാന്‍ സിസിടിവി പരിശോധിക്കുകയാണ്.
ഇതില്‍ കണ്ടെത്തിയ ബില്‍ ഓഗസ്റ്റ് രണ്ടാം തീയതിയിലേതാണ്. മൂന്ന് വട്ടം ഡോ.ഹാരിന്റെ മുറി പരിശോധിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രിന്‍സിപ്പലും സൂപ്രണ്ടും ചേര്‍ന്നാണ് ഡോ.ഹാരിസിന്റെ മുറി പരിശോധിച്ചത്.
തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന ഡോ. ഹാരിസിന്റെ ആരോപണത്തിലാണ് അദ്ദേഹത്തിന്റെ മുറി തുറന്ന് പരിശോധിച്ചെന്ന കാര്യം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം.
ആദ്യ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്കോപ്പ് എന്ന ഉപകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സര്‍ജിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാല്‍ സര്‍ജിക്കല്‍, ടെക്നിക്കല്‍ ടീമുമായി വീണ്ടും പരിശോധന നടത്തി. അതില്‍ ആദ്യ പരിശോധനയില്‍ കാണാത്ത മറ്റൊരു പെട്ടി മുറിയില്‍ കണ്ടെത്തി. എല്ലാവരുടേയും സാന്നിധ്യത്തിൽ കവർ പൊട്ടിച്ചു. അതില്‍ ഉപകരണം കണ്ടെത്തി.
അതിനൊപ്പം ഉണ്ടായിരുന്ന പേപ്പറില്‍ മോസിലോസ്കോപ്പ് എന്ന് എഴുതിയിരുന്നു. ഇതിനൊപ്പം കണ്ടെത്തിയ ബില്ലില്‍ ഓഗസ്റ്റ് രണ്ട് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്റേതായിരുന്നു ബില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ ആരോ കയറി എന്ന സംശയം തോന്നിയതായും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം കണ്ടു. ചില അടയാളങ്ങള്‍ കണ്ടിരുന്നു. സംഭവം വിശദമായ പരിശോധിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.