സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യനെ വീണ്ടും ചോദ്യം ചെയ്യും
Friday, August 8, 2025 11:52 AM IST
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടേതുള്പ്പെടെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ട ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം. സെബാസ്റ്റ്യ(67)നെ വീണ്ടും ചോദ്യം ചെയ്യുന്നു.
ഓഗസ്റ്റ് 12 വരെയാണ് ഏറ്റുമാനൂര്‍ മജിസ്ട്രറ്റ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് തുടരെ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ഇയാള്‍ അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ല. സെബാസ്റ്റ്യന്റെ ഭാര്യ സുബി, ചേര്‍ത്തലയിലെ സുഹൃത്തായ റോസമ്മ എന്നിവരെ വീണ്ടും ചോദ്യംചെയ്തേക്കും.
വ്യാഴാഴ്ച രാത്രിയില്‍ സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇയാളുടെ കാറില്‍ നിന്നു ചുറ്റിക, കത്തി, ഡീസല്‍ കന്നാസ്, പഴ്സ് എന്നിവ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത 20 ലീറ്ററിന്റെ കന്നാസില്‍ ഡീസല്‍ വാങ്ങിയതാണെന്ന് പോലീസ് സ്ഥീരികരിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലും സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയേക്കുമെന്നാണ് സുചന. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ ഫലം ഇന്നോ നാളെയോ അറിയാനാകും. ജെയ്നമ്മ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ സെബാസ്റ്റ്യന്റെ വലയിലായശേഷം കാണാതായ ചേര്‍ത്തല സ്വദേശികളായ ബിന്ദു, ഐഷ, സിന്ധു എന്നിവരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവരെയെല്ലാം സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഡിഎന്‍എ പരിശോധനയ്ക്കായി ബിന്ദുവിന്റെ സഹോദരന് പ്രവീണിന്റെ രക്ത സാംപിള്‍ കൂടി പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ച് വ്യാഴാഴ്ച പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലും, സുഹൃത്ത് റോസമ്മ, കാണാതായ ബിന്ദു പത്മനാഭന് എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷിക്കുന്നത് കോട്ടയം ക്രൈം ബ്രാഞ്ചും ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്, സിന്ധു, ഐഷ എന്നിവരുടെ തിരോധാനം അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈംബ്രാഞ്ചുമാണ്.