അമ്മൂമ്മയുടെ ആൺസുഹൃത്ത് ലഹരിക്കടിമയാക്കാൻ ശ്രമിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി കൗമാരക്കാരൻ
Friday, August 8, 2025 12:08 PM IST
കൊച്ചി: അമ്മൂമ്മയുടെ ആൺസുഹൃത്ത് ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന് കൗമാരക്കാരന്റെ ഗുരുതര വെളിപ്പെടുത്തല്‍.
കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കിയെന്നും എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നും 14കാരനായ ഒൻപതാം ക്ലാസ് വിദ്യാർഥി പറഞ്ഞു. കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു.
പത്തിൽ കൂടുതൽ തവണ കഞ്ചാവ് വലിപ്പിച്ചുണ്ട്. മദ്യവും കുടിപ്പിച്ചിട്ടുണ്ട്. വിമ്മതിച്ചപ്പോൾ മുഖത്ത് തല്ലിയിട്ടുണ്ട്. നോർത്തിൽ നിന്നും വരാപ്പുഴ വരെ സ്കൂട്ടർ ഓടിപ്പിച്ചു. ഒരു പൊതി കൈവശം വയ്ക്കാൻ തന്നു. വീട്ടിലെത്തിയപ്പോഴാണ് അത് കഞ്ചാവാണെന്ന് അറിഞ്ഞത്.
കഞ്ചാവും ഹാഷിഷ് ഓയിലും വീട്ടിലാണ് സൂക്ഷിക്കുന്നത്. മുതിർന്നവർക്കും വലിയ ചേട്ടൻമാർക്കും ഇത് കൊടുക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളുടെ ബർത്ത്ഡേക്ക് കഞ്ചാവ് ക്ലാസിലെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ പറഞ്ഞു.
എനിക്കാരെയും അറിയില്ലെന്നും പേടിയാണ് എന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. അയാൾ ഡാർക്ക് പച്ച ഓയിൽ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞിടയ്ക്കാണ് ഇയാൾ വീട്ടിൽ വന്ന് താമസം തുടങ്ങിയതെന്നും 14 കാരൻ പറഞ്ഞു.
സഹിക്കാവുന്ന പരിധി കടന്നപ്പോൾ സ്കൂളിലെ സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്തിന്റെ അമ്മയാണ് ഇക്കാര്യം കുട്ടിയുടെ അമ്മയോടു പറയുന്നത്.
വിവരം അറിഞ്ഞപ്പോൾ താൻ നിസഹായയായിപ്പോയെന്ന് അമ്മ പറയുന്നു. തന്നെയും മകനേയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇയാൾ പറഞ്ഞതോടെ പോലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
കുട്ടി വീട്ടിൽ ദേഷ്യം പ്രകടിപ്പിച്ചിരുന്നെന്നും സാധനങ്ങൾ വലിച്ചെറിയുമായിരുന്നെന്നും അമ്മ പറയുന്നു. എന്നാൽ എന്താണ് കാരണമെന്ന് അറിഞ്ഞിരുന്നില്ല. ലഹരി ഉപയോഗിച്ചതാണ് കാരണമെന്ന് പിന്നീട് മനസിലായി.
കുട്ടിയെ ലഹരി മുക്തിക്കായുള്ള ചികിത്സയ്ക്കു വിധേയനാക്കി. കൗൺസലിങ്ങും നടത്തുന്നതായി അമ്മ പറഞ്ഞു. പോലീസ് വിളിപ്പിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവിൽ പോവുകയായിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.