ഡോ. ഹാരിസിന്റെ മേൽ ഒരുതരി മണ്ണ് വീഴാൻ സമ്മതിക്കില്ല: വി.ഡി. സതീശൻ
Friday, August 8, 2025 12:11 PM IST
തൃശൂർ: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആരോഗ്യപ്രവർത്തകരുടെ വായടപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് ഇന്ന് പ്രിൻസിപ്പൽ നടത്തിയ പത്രസമ്മേളനമെന്നും ഡോ. ഹാരിസിന്റെ മേൽ ഒരുതരി മണ്ണ് വീഴാൻ കേരളത്തിലെ പ്രതിപക്ഷം സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആരോഗ്യകേരളം വെന്റിലേറ്ററിലാണ് എന്ന വെളിപ്പെടുത്തലാണ് ഡോ. ഹാരിസ് നടത്തിയത്. ഒരു രൂപ കൈക്കൂലി വാങ്ങാത്ത, രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളെയാണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ആ ശ്രമങ്ങളെ എന്തുവില കൊടുത്തും തടയുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.