പിടി 5 ദൗത്യം വിജയകരം; ആനയ്ക്ക് മരുന്ന് നൽകി, റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് വിട്ടു
Friday, August 8, 2025 2:36 PM IST
പാലക്കാട്: കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന് ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയ്ക്ക് ഗുരുതര പരുക്കുകളില്ലാത്തതിനാല്‍ വനത്തിനുള്ളില്‍ വച്ചായിരുന്നു ചികിത്സ. ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ നടന്ന ചികിത്സയ്ക്കു ശേഷം ആനയ്ക്ക് റേഡിയോ കോളർ പിടിപ്പിച്ച് ഉള്‍ക്കാട്ടിലേക്കയച്ചു.
ദൗത്യം പൂര്‍ണമായി വിജയകരമെന്നും ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പാലക്കാട് മലമ്പുഴയില്‍ വച്ച് പൂര്‍ത്തീകരിച്ചത്. മയക്കുവെടി വെച്ചതിനെ തുടർന്ന് രണ്ടു മണിക്കൂർ നേരമാണ് പിടി 5 ഉറങ്ങിയത്.
രാവിലെ എട്ടോടെയാണ് ദൗത്യത്തിനു തുടക്കമിട്ടത്. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിരുന്നു.