നൂറനാട് പിതാവും രണ്ടാനമ്മയും മർദിച്ച് നാലാം ക്ലാസുകാരിയുടെ സംരക്ഷണം മുത്തശിക്ക്
Friday, August 8, 2025 2:50 PM IST
ആലപ്പുഴ: നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസുകാരിയുടെ സംരക്ഷണം മുത്തശിക്ക്.
സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും മുത്തശിക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും കുട്ടി സിഡബ്ല്യൂസിയെ അറിയിച്ചതിനെ തുടർന്നാണിത്.
ഔദ്യോഗിക പത്രം മുത്തശി ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസം നൽകി കുട്ടിയെ വളർത്തുമെന്ന് മുത്തശി ഉറപ്പ് നൽകിയതായി സിഡബ്ല്യൂസി ചെയർപെഴസൺ സതീദേവി അറിയിച്ചു.
കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പോലീസിനോടും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.
സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് കൊല്ലം ശൂരനാടുള്ള കുടുംബവീട്ടിലേക്ക് കുട്ടിയെ മാറ്റിയത്.
പ്രതികളെ പിടികൂടാത്തതിനാൽ ബന്ധു വീടുകളിൽ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലന്നാണ് വിലയിരുത്തൽ. പ്രതികളായ മാതാപിതാക്കളെ പിടികൂടാൻ ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
നൂറനാട് എസ് എച്ച് ഒ ശ്രീകുമാർ നേതൃത്വം നൽകുന്ന എട്ടംഗ സംഘം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.