വസ്ത്രത്തിന്റെ പേരിൽ ദമ്പതികൾക്ക് റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചതായി പരാതി
Saturday, August 9, 2025 8:21 AM IST
ഡൽഹി: വസ്ത്രത്തിന്റെ പേരിൽ ഡൽഹിയിലെ റസ്റ്ററന്റിൽ ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചതായി പരാതി.
ഡൽഹിയിലെ പിതംപുരയിലുള്ള റസ്റ്ററന്റിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഇന്ത്യൻ തനിമയുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് തങ്ങളോട് മോശമായി പെരുമാറിയതെന്ന് ദമ്പതികൾ പറഞ്ഞു. മറ്റുള്ളവർക്ക് പ്രവേശനം അനുവദിച്ചെങ്കിലും തങ്ങളോട് മാനേജർ മോശമായി പെരുമാറിയെന്നും അവർ വ്യക്തമാക്കി. ചുരിദാർ ധരിച്ചാണ് സ്ത്രീ റസ്റ്ററന്റിലെത്തിയത്. ടീഷർട്ടും പാന്റുമായിരുന്നു പുരുഷന്റെ വേഷം.
എന്നാൽ ആരോപണം റസ്റ്ററന്റ് ഉടമ നീരജ് അഗർവാൾ നിഷേധിച്ചു. ദമ്പതികൾ ടേബിൾ ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. റസ്റ്ററന്റിന് യാതൊരു വിധ വസ്ത്ര നയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.