പോഷകാഹാരക്കുറവ്; ഗാസയില്‍ മരിച്ചത് 98 കുട്ടികൾ
Sunday, August 10, 2025 4:58 AM IST
ഗാസാ സിറ്റി: പോഷകാഹാരക്കുറവുമൂലം ഗാസയില്‍ ഇതുവരെ 98 കുട്ടികൾ മരിച്ചതായി റിപ്പോര്‍ട്ട്. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ 491 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. 20 ലക്ഷത്തിലേറെ പലസ്തീന്‍കാര്‍ പാര്‍ക്കുന്ന ഗാസയെ പൂര്‍ണമായും കീഴ്പ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു.
ഇസ്രയേല്‍ ഉപരോധത്തെത്തുടര്‍ന്ന് കൊടുംപട്ടിണിയിലായ ഗാസക്കാരെ രക്ഷിക്കാനും 22 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്രതലത്തില്‍ മുറവിളികള്‍ ശക്തമാകവേയാണ് നീക്കം.
ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസാ സിറ്റിയുടെ നിയന്ത്രണം സൈന്യമേറ്റെടുക്കുമെന്നും യുദ്ധമേഖലകള്ക്കു പുറത്തുള്ള ഇടങ്ങളില്‍ സഹായവിതരണം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.